ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
വടകര മേപ്പയിൽ സ്വദേശിനിയും ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായ ആർ ദീപലേഖ (52) ആണ് മരിച്ചത്
തലശേരി: ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റത്തെത്തുടർന്നുള്ള മനോവിഷമത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്‌ടറും വടകര മേപ്പയിൽ 'ശ്രീസ്ഥ'യിൽ ആർ. ദീപലേഖ (52) ആണ് മരിച്ചത്. പ്രശസ്ത നാടക സംവിധായകൻ സുരേഷ്ബാബുവിന്റെ ഭാര്യയാണ്.
തിങ്കളാഴ്ച പകൽ 12.45-ഓടെ ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടയിലായിരുന്നു ദുരന്തം. യോഗത്തിൽ സംസാരിക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന സ്ഥലംമാറ്റത്തിന്റെ പ്രയാസങ്ങൾ വ്യക്തമാക്കവെ ദീപലേഖ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, വൈസ് പ്രസിഡന്റ് കെ. എം. സപ്‌ന എന്നിവരുടെ നേതൃത്വത്തിൽ തൊട്ടടുത്ത ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
നാല് മാസം മുൻപാണ് ദീപലേഖ ചൊക്ലി കുടുംബാ രോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറിയെത്തുന്നത്. ഇതിനിടയിൽ ഉണ്ടായ ഒരു അപകടത്തിൽ കാലിന്റെ എല്ല് പൊട്ടി രണ്ട് മാസത്തോളം പൂർണ്ണമായും കിടപ്പിലായിരുന്നു. ചികിത്സയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു വെങ്കിലും നടക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ ശാരീരിക ബുദ്ധിമുട്ടുകൾ നിലനിൽക്കെയാണ് അധികൃതരിൽ നിന്നും പെട്ടെന്ന് സ്ഥലംമാറ്റ ഉത്തര വെത്തുന്നത്.ഇതിൽ ഏറെ വിഷമത്തിലായിരുന്ന ദീപലേഖ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ പ്രയാസങ്ങൾ സഹപ്രവർത്തകരോട് പങ്കുവെച്ചിരുന്നതായി പറയപ്പെടുന്നു.

