എലത്തൂർ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു
വർക്ക് ഷോപ്പിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വേങ്ങേരി സ്വദേശി വൈശാഖനാണ് മരിച്ചത്
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച എലത്തൂർ യുവതി വധക്കേസിലെ പ്രതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖൻ (35) ആണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. തടമ്പാട്ടുതാഴത്തുള്ള സ്വന്തം വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ജാമ്യത്തിലിറങ്ങി കഴിയുകയായിരുന്നു വൈശാഖൻ.
കഴിഞ്ഞ ജനുവരി 24-നാണ് മാളിക്കടവിലുള്ള വർക്ക്‌ഷോപ്പിൽ 26-കാരിയായ യുവതി കൊല്ലപ്പെട്ടത്. വിവാഹിതനായ വൈശാഖനുമായി യുവതി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചതോടെ, ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു വൈശാഖൻ. തുടർന്ന് കയറിൽ കുരുക്കിട്ട യുവതിയുടെ കാലിനടിയിലെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി. മരവിപ്പിക്കുന്ന കൊലപാതകത്തിന് ശേഷം, മരണത്തിലേക്ക് നീങ്ങിയ യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
കൊലപാതകത്തിനു ശേഷം വൈശാഖൻ സ്വന്തം ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്നാണ് യുവതിയെ ആശുപത്രിയിലാക്കിയതും പോലീസിൽ വിവരമറിയിച്ചതും.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതെങ്കിലും എലത്തൂർ സിഐയുടെ സമയോചിതമായ ഇടപെടൽ വഴിത്തിരിവായി. വർക്ക്‌ഷോപ്പ് ഉടനടി സീൽ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് വൈശാഖന്റെ പദ്ധതികൾ പൊളിഞ്ഞതും കൊലപാതകവിവരം പുറത്തുവന്നതും.
യുവതി കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തന്റെ സൈക്കോളജിസ്റ്റിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം അന്വേഷണത്തിൽ നിർണായക തെളിവായി മാറി. "താൻ ആത്മഹത്യ ചെയ്യില്ലെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖൻ മാത്രമായിരിക്കുമെന്നും" യുവതി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ ശക്തമായ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിനിടയിലാണ് പ്രതി ജാമ്യത്തിലിറങ്ങി ജീവനൊടുക്കിയത്

