ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
രണ്ടുദിവസം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷനൽ പിടി (40) ആണ് മരിച്ചത്
കോഴിക്കോട്: തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നരിക്കുനി ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ട് ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ് ഷനൽ. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം.

