മണിയൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളും മരിച്ചു.
ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (18), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരീസിന്റെ മകൻ സിനാൻ (14) എന്നീ കുട്ടികളാണ് മരിച്ചത്.
വടകര: മണിയൂർ ചൊവ്വ പുഴയിൽ ഒഴുക്കിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളും മരിച്ചു. ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (18), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകൻ സിനാൻ (14) എന്നിവരാണ് മരിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണിയൂർ പഞ്ചായത്തിലെ പാലയാട് വില്ലേജ് ഓഫീസിന് പിൻവശത്തുള്ള പുഴക്കടവിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. നാലംഗ സംഘത്തോടൊപ്പമാണ് കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയത്. ബന്ധുവീടായ നബീലിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഓർക്കാട്ടേരി സ്വദേശിയായ സിനാൻ.
കുളിക്കാനിറങ്ങുന്നതിന് മുമ്പ് കരയിൽ അഴിച്ചുവെച്ച വസ്ത്രങ്ങളും ചെരുപ്പുകളും മാത്രം ബാക്കിയാക്കി രണ്ടുപേരും മടങ്ങിവരാതിരുന്നത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. രണ്ട് കുടുംബങ്ങളുടെയും വേദനയിൽ നാടും പങ്കുചേരുന്നു.

