മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ (74) അന്തരിച്ചു
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം, തൃശ്ശൂർ ജില്ലാ സെക്രട്ടറി,ട്രേഡ് യൂണിയൻ നേതാവ് എന്നിനിലകളിൽ പ്രവർത്തിച്ച ബേബി ജോൺ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു.
തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. സിപി എം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
. മണലൂർ മണ്ഡലത്തിെൽ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചശേഷം 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയിൽ സിപിഐ എം തൃശൂർ ജില്ലാസെക്രട്ടറിയായി. കെഎസ് എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിന്റെ ഏരിയ സെക്രട്ടറിതലംമുതൽ ജില്ലാ സെക്രട്ടറിവരെയായി. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ്പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിലിലായി. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബേബി ജോൺ 2011ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയിലേക്ക് ജനവിധി തേടി. ബേബി ജോൺ 2011ലെ നിയമസഭ തെരഞ്ഞടുപ്പ് വരെ ആ സ്ഥാനത്തുണ്ടായി. ഭാര്യ: ഷീല. മാനവൻ (ദേശാഭിമാനി), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് )എന്നിവരാണ് മക്കൾ.

