യൂടൂബര്‍ തമ്പുരു വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
"തമ്പുരു ക്വീൻഫിഷർ" എന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട യൂടൂബറായ ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടില്‍ തമ്പുരു(36)നെ മരിച്ച നിലയില്‍ കണ്ടത്തി.
വൈക്കം: സമൂഹമാധ്യമങ്ങളിൽ പരമ്പരാഗത മീൻപിടിത്ത വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ തംബുരു കെ.കെ. (36)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടുവീട്ടിലെത്തിച്ച് സംസ്കരിച്ചു.
. പരമ്പരാഗതമായി കുടുംബം ചെയ്തുവന്നിരുന്ന മീൻപിടിത്ത രീതിയെ ലോകത്തിന് പരിചയപ്പെടുത്തിയതിലൂടെയാണ് തംബുരു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു മീൻപിടിത്ത ദൃശ്യങ്ങൾ പങ്കുവച്ചിരുന്നത്. ആദ്യ വീഡിയോയ്ക്ക് തന്നെ 90 ലക്ഷത്തിലേറെ കാഴ്ചക്കാരെ ലഭിച്ചതോടെ തംബുരുവിന്റെ സോഷ്യൽ മീഡിയ സാന്നിധ്യം വലിയ തരംഗമായി മാറി. പിന്നീട് ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വലിയ ആരാധകവൃന്ദം രൂപപ്പെട്ടു.
. വലയോ ചൂണ്ടയോ ഉപയോഗിക്കാതെ വേലിയേറ്റ സമയത്ത് വഞ്ചിയിൽ കായലിലെത്തി ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തിരഞ്ഞ് മീൻപിടിക്കുന്ന അപൂർവ രീതിയായിരുന്നു തംബുരുവും കുടുംബവും പിന്തുടർന്നിരുന്നത്. തലമുറകളായി കുടുംബത്തിൽ നിലനിന്നിരുന്ന ഈ തൊഴിൽരീതിയാണ് തംബുരു ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.
. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയ്ക്കൊപ്പം മീൻപിടിത്തത്തിലേക്ക് ഇറങ്ങിയ തംബുരു ഈ ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കാനും സഹായിച്ചിരുന്നു. തൊഴിലുറപ്പ് ജോലിക്കൊപ്പം ഡ്രൈവിങ് സ്കൂളിലും വസ്ത്രനിർമാണ യൂണിറ്റിലും ജോലി ചെയ്തിരുന്ന തംബുരു, ഇതിനിടയിലും പരമ്പരാഗത മീൻപിടിത്തം ഉപേക്ഷിച്ചിരുന്നില്ല.
. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് തംബുരു സോഷ്യൽ മീഡിയയിലൂടെ തന്റെ തൊഴിൽ കൂടുതൽ സജീവമായി അവതരിപ്പിക്കാൻ തുടങ്ങിയത്. തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങൾക്ക് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വന്തം ഉപജീവനമാർഗം ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തീരുമാനിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
. അതേസമയം, തംബുരുവിന്റെ മരണത്തിന് പിന്നിൽ ഓൺലൈനിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇയാൾ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും മീൻപിടിത്ത വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്ന് തംബുരു അടുത്തിടെ ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

