പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
പത്മശ്രീ പുരസ്കാര ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു
മാനന്തവാടി : പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
. വയനാട് മാനന്തവാടി കമ്മനയാണ് സ്വദേശം.1952 ജൂൺ 6നാണ് ആദിവാസി കർഷകനായ തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ്റെ ജനനം. രണ്ടാം വയസ്സിൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കമ്മന നവോദയ എൽപി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ചു. പത്താം വയസു മുതൽ കാർഷിക ജീവിതം ആരംഭിച്ചു. പാരമ്പര്യമായി ലഭിച്ച അഞ്ച് ഏക്കര് വയലില് 45 ഇനം നെല്വിത്തുകളാണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. നെല്വിത്തുകള് കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും ഇദ്ദേഹം സംരക്ഷിച്ചു.
. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനായിരുന്നു. വയനാട്ടിൽ പ്രാചീനകാലം മുതൽ ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനും കർഷകനായിരുന്നു.
. കാർഷിക മേഖലയിലെ സംഭാവനയ്ക്ക് 2023 റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2025ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി ചെറുവയൽ രാമന് നൽകി. 2026ൽ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിനും അര്ഹനായി. കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായും ചെറുവയൽ രാമൻ പ്രവർത്തിച്ചിട്ടുണ്ട്. മണ്ണിന്റെ ചൂരും ചൂടും കൃഷിയറിവും വിദ്യാർത്ഥികൾക്ക് പകരുന്നതിന് രാമന്റെ ആത്മകഥയിലെ 'വിത്തെന്ന മഹാത്ഭുതം' എന്ന ഭാഗം ഏഴാം തരം മലയാളം പുസ്തകത്തിൽ പാഠമായി ചേർത്തിരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നുണ്ട്.
. മുഖ്യമന്ത്രി വിഡി സതീശൻ ചെറുവയൽരാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി."ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ വിത്തിലുമുള്ള പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി".
. അദ്ദേഹത്തിന്റെ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊടുമയിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തും.

