ഗുരുഗ്രാമിലെ ഫാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്ന് പോലീസ് .
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), ഭാര്യയും മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുമായ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുഗ്രാം സെക്ടർ 68-ലെ വാടക അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അസ്ലം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
. സംഭവത്തിന് മുമ്പ് അസ്ലം തന്റെ പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവവിവരം ഇരുവരെയും അറിയിക്കണമെന്നും ഇ-മെയിലിൽ കമ്പനിയോട് അഭ്യർഥിച്ചിരുന്നു.
. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ബാദ്ഷാപുർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് കുമാർ പറഞ്ഞു.ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇ-മെയിൽ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യം പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്.
. നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ ദമ്പതികളുടെ മകനാണ് അസ്ലം. ഉവൈസ്, റംല എന്നിവരാണ് സഹോദരങ്ങൾ.അബ്ദുറഹ്മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഫൗസിയ, ഫൈസൽ എന്നിവരാണ് സഹോദരങ്ങൾ.

