പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു
പുലിമുരുകൻ, നരൻ,തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ മാനായ ഷാജികുമാർ ഇന്ന് രാവിലെയാണ് നിര്യാതനായത്.
കൊച്ചി: പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങിയ നിരവധിയായ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഷാജികുമാർ അന്തരിച്ചു.ആലപ്പുഴയിൽ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് രണ്ടു ദിവസം മുൻപ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ കഴിയവേ ഹൃദയാഘാതം മൂലമാണ് മരണം.ഇന്ന് പുലർച്ചയോടെയാണ് സ്ഥിരീകരിച്ചത്.
. കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിക്ക് പെരുമ്പാവൂരിലെ വീട്ടു വളപ്പിലാണ് സംസ്കാരം നടക്കുക.
. 2001-ൽ പുറത്തിറങ്ങിയ 'ഉത്തമൻ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ഷാജികുമാർ തുടക്കം കുറിക്കുന്നത്. 'വാൾക്കണ്ണാടി', 'പകൽപൂരം' തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാൽ ചിത്രം അതിമനോഹരം, സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ എന്നിവയാണ് അദ്ദേഹം ദൃശ്യഭംഗിയൊരുക്കിയ അവസാന ചിത്രങ്ങൾ.
. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെ ചലച്ചിത്ര-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധിയാളുകൾ ഷാജികുമാറിന്റെ നിര്യാണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.മലയാള സിനിമയിലെ മുൻനിര ക്യാമറാമാൻമാരിൽ ഒരാളായ ഷാജികുമാറിന്റെ വേർപാട് ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്ടമാണ്.

