ആവള - പന്നി മുക്കു റോഡ് ഗതാഗതയോഗ്യമാക്കുക; മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ സഘടിപ്പിച്ചു
ധർണ്ണ ചെറുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടരി അബ്ദുൽ കരീംകോച്ചേരി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള - പന്നിമുക്ക് റോഡിലൂടെയുള്ള യാത്ര മാസങ്ങളോളമായി ദുർഘടാവസ്ഥയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതൽ തന്നെ റോഡ് പണിയ്ക്കായി കരാർ കൊടുത്തിരിക്കുന്നതായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും പണിതുടങ്ങുക പോലും ഉണ്ടായില്ല.
വേളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ആവള ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകളും ദിനേന ഈ റോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്. കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം നിരവധി ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
കരാറുകാരുടെയും അധികാരികളുടെയും ഒത്തുകളി അവസാനിപ്പിച്ച് എത്രയും വേഗം റോഡിൻ്റെ പണി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുട്ടോത്ത് ശാഖ മുസ്ലിം ലീഗ് പന്നി മുക്കിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ചെറുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടരി അബ്ദുൽ കരീംകോച്ചേരി ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡണ്ട് ടി. ടി. അഷ്റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. അഹമദ് മൗലവി, പി. സി. ഉബൈദ്, ഷമീം കക്കറമുക്ക്, ആലക്കാട്ട് മുഹമ്മദ്, എ. കെ. സി. അഫ്സൽ, പി. സി. മുനീർ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കളിയെടുത്ത് സ്വാഗതം പറഞ്ഞു.

