നന്മണ്ട ഡിവിഷനിൽ വീണ്ടും എൽഡിഎഫ്; റസിയ തോട്ടായിക്ക് ഉജ്ജ്വല ജയം
കാനത്തിൽ ജമീല രാജി വെച്ചപ്പോഴുണ്ടായ ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്
നന്മണ്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി റസിയ തോട്ടായിക്ക് മിന്നും വിജയം. 6753 വോട്ടുകൾക്കാണ് എൽഡിഎഫ് സീറ്റ് നിലനിർത്തിയത്. ചേളന്നൂർ എസ്എൻ കോളേജിലാണ് വോട്ട് എണ്ണൽ നടന്നത്.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഒഴിവു വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നന്മണ്ട ഡിവിഷിനിൽ വിജയിച്ചാണ് കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെത്തിയത്.
കഴിഞ്ഞ തവണ എൺപത് ശതമാനത്തിന് മുകളിലായിരുന്ന പോളിങ് ഇത്തവണ 62.54 ശതമാനമായി കുറഞ്ഞു. റസിയ തോട്ടായി (എൽഡിഎഫ്), കെ. ജമീല (യുഡിഎഫ്), ഗിരിജ വലിയ പറമ്പിൽ (എൻഡിഎ) എന്നിവരായിരുന്നു മുന്നണി സ്ഥാനാർഥികൾ.

