വഖഫ് സംരക്ഷണറാലി സർക്കാരിന് താക്കീതായി, പങ്കെടുത്തത് ജനലക്ഷങ്ങൾ
കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുസ്‌ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് നിയമനം ഇടത് ഗൂഢാലോചനയ്ക്കെതിരെ മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്. വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോൾ പലരും അതിൽ ഊന്നി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് ഒഴിവാക്കി, മുഖ്യമായ വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നുവെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ, കേരള വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എം എൽ എ, കെ എം ഷാജി, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, പി കെ നവാസ് എന്നിവർ പ്രസംഗിച്ചു.
പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ, പി കെ കെ ബാവ, പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം എം എൽ എ, ബഷീറലി ശിഹാബ് തങ്ങൾ,ഹമീദലി ശിഹാബ് തങ്ങൾ,പി കെ ബഷീർ എം എൽ എ. എന്നിവർ സംബന്ധിച്ചു.
ഡോ:എം കെ മുനീർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പി എം എ സലാം സ്വാഗതവും എം സി മായിൻ ഹാജി നന്ദിയും പറഞ്ഞു.
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.