കുരുടിമുക്കിലെ വയൽ നികത്തിയ മണ്ണ് എടുത്തു മാറ്റി, വയൽ നികത്തൽ തടഞ്ഞു
ശക്തമായ നടപടി സ്വീകരിച്ച അധികൃതരെ പ്രശംസിച്ച് സിപിഐ

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ കാരയാട് കുരുടി മുക്കിനടുത്ത് ഭൂ - മാഫിയകളുടെ ഒത്താശയോടെ വയൽ നികത്താനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമമാണ് ഇതോടെ വിഫലമായത്. കഴിഞ്ഞ ദിവസം ഇരുളിന്റെ മറവിലാണ് വയൽ നികത്തൽ ആരംഭിച്ചത്. ഈ സംഭവം അറിഞ്ഞയുടനെ തന്നെ സിപിഐ, കിസാൻ സഭ നേതാക്കൾ അരിക്കുളം വില്ലേജ് ഓഫീസർക്കും, അരിക്കുളം കൃഷി ഓഫീസർക്കും പരാതി നൽകി. തുടർന്ന് സമഗ്രമായ അന്വേഷണം നടത്തി.
നികത്തിയ മണ്ണ് എടുത്തു മാറ്റിച്ച്, തണ്ണീർ തട- നെൽവയൽ സംരക്ഷണ നിയമം അധികൃതർ പൂർണ്ണമായും നടപ്പിലാക്കി. ശക്തമായ നടപടി സ്വീകരിച്ച അധികൃതരെ നേതാക്കൾ അഭിനന്ദിച്ചു. പരാതി കിട്ടിയ ഉടൻ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ച അധികൃതരെ പരിഹസിച്ചു കൊണ്ട് ചില തത്പര കക്ഷികൾ നടത്തിയ പ്രസ്താവന ലജ്ജാകരമാണ്.
അരിക്കുളം പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ തന്നിഷ്ട പ്രകാരം വയൽ നികത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും സി പി ഐ അരിക്കുളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
എം. വി. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി ഇ. രാജൻ മാസ്റ്റർ, കെ. കെ. രവീന്ദ്രൻ, ഇ. വേണു, ഇ. കെ. രാജൻ എം. എം. സുധ, ടി. എം. രാജൻ എന്നിവർ സംസാരിച്ചു.