കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് വിളയാട്ടൂരിലെ സന
മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫാത്തിമ സനയുടെ വീട്ടിലെത്തി അനുമോദിച്ചു

മേപ്പയ്യൂർ: വിളയാട്ടൂരിലെ ഫാത്തിമ സന അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി. നടുവണ്ണൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ സന കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ലഭിച്ച ഒഴിവു സമയം ഫലപ്രദമായി വിനിയോഗിച്ചാണ് കാലിഗ്രാഫിയിലൂടെ വിസ്മയം തീർത്തത്.
വിളയാട്ടൂർ കാരേക്കണ്ടി നൗഷാദ് സിനു ദമ്പതികളുടെ മൂത്ത മകളാണ് സന. കാലിഗ്രാഫി രചനകൾ കാണാൻ നിരവധി ആളുകളാണ് വിളയാട്ടൂർ ചെമ്പക മുക്കിലുള്ള വീട്ടിൽ സന്ദർശനം നടത്തുന്നത്.
ഇളയ സഹോദരി അയിശ നഷ മേപ്പയ്യൂർ എൽ.പി സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്.ഉമ്മ സിനു അതേ വിദ്യാലയത്തിലെ അദ്ധ്യാപികയുമാണ്.ബാപ്പ നൗഷാദ് ഖത്തറിൽ ജോലി ചെയ്യുന്നു. കാലിഗ്രാഫി മേഖലയിൽ പുതിയ സാധ്യതകൾ തേടുകയാണ് സന.
മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫാത്തിമ സനയുടെ വീട്ടിലെത്തി അനുമോദിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ. അസീസ് ഉപഹാരം നൽകി. പ്രസിഡൻ്റ് എം. കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം. എം. അഷറഫ്, പി. കെ. കെ. അബ്ദുള്ള, മുജീബ് കോമത്ത്, കെ. കെ. സി. മൊയ്തീൻ മൗലവി, ടി. കെ. അബ്ദുറഹിമാൻ, സി. എം. ഇസ്മായിൽ, കെ. ലബീബ് അഷറഫ്, അജിനാസ് കാരയിൽ, കെ. ടി. കെ. സമീർ എന്നിവർ സംസാരിച്ചു.