യു. ഡി. എഫ്. കമ്മിറ്റിയും ലൈഫ് പദ്ധതിയും ഒന്നിച്ചു; കല്ലാത്തറ ബാബുവിന് സ്നേഹഭവനം ഒരുങ്ങുന്നു
ആവശ്യമായ ഫണ്ട് ലഭ്യമായതിനാൽ ഇനി സഹായം ആവശ്യമില്ലെന്ന് കമ്മറ്റി അറിയിച്ചു
അരിക്കുളം: ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഏക്കാട്ടൂർ കല്ലാത്തറ കോളനിയിലെ ബാബുവിന് ലൈഫ് പദ്ധതിയും നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളും കാരയാട് മേഖല യുഡിഎഫ് കമ്മറ്റിയുടെയും നേതൃത്വത്തിൽ വീടൊരുങ്ങുന്നു.
നാല് സെൻ്റ് കോളനിയിൽ താമസിക്കുന്ന ബാബുവും ഭാര്യയും കുഞ്ഞുമകളും അടങ്ങുന്ന കുടുംബം വീടില്ലാതെ ഓലഷെഡ്ഡിൽ കഴിയുകയായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ബാബുവിന് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ആദ്യഘടുവായ 40000 രൂപ അക്കൗണ്ടിൽ വന്നിട്ടും രോഗിയായ ബാബുവും ഭാര്യയും ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുമ്പോഴാണ് യുഡിഎഫ് കമ്മറ്റി ഇടപെടുന്നത്.
കോളനിയിലേക്ക് റോഡ് ഇല്ലാത്തതു കാരണം ഭാരിച്ച കടത്ത് കൂലിയും ആവശ്യമായി വന്നു. ഇതുകാരണം ഭവന നിർമ്മാണത്തിന് സുമനസ്സുകളുടെ സഹായം തേടുകയായിരുന്നു. യുഡിഎഫിൻ്റെ നേതൃത്വത്തിൽ ടി. മുത്തു കൃഷ്ണൻ ചെയർമാനും എൻ. കെ. അഷ്റഫ് കൺവീനറും കെ. അഷ്റഫ് ട്രഷറുമായി കമ്മിറ്റി രൂപികരിക്കുകയും 10 ദിവസം കൊണ്ട് തന്നെ മുന്നേകാൽ ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു.
ഇപ്പോൾ വീട് നിർമ്മാണം വളരെ പെട്ടെന്ന് തന്നെ പുരോഗമിക്കുകയാണ്. ആവശ്യമായ ഫണ്ട് ലഭ്യമായതിനാൽ ഇനി സഹായം ആവശ്യമില്ലെന്ന് കമ്മറ്റി അറിയിച്ചു.

