കേന്ദ്ര സർക്കാറിന്റെ ഹിഡൻ അജണ്ടകൾ തിരിച്ചറിയണം- യുവ ജനതാദൾ
യുവ ജനതാദൾ സെമിനാർ സംഘടിപ്പിച്ചു
വേങ്ങര : കേന്ദ്രത്തിൽ നല്ല ഭരണം കാഴ്ച വെക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകൾ പാകുന്ന കറുത്ത ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കേണ്ട ബാദ്ധ്യത നിറവേറ്റാൻ മതേതര പാർട്ടികളും പൊതു സമൂഹവും ഉണർന്നു പ്രവർത്തിക്കണമെന്ന് ജനതാദൾ (എസ്) പാർലമെന്ററി ബോർഡ് ചെയർമാൻ അഡ്വ. പി എം സഫറുള്ള ആഹ്വാനം ചെയ്തു.
ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു എന്ന പ്രമേയത്തിൽ യുവ ജനതാദൾ (എസ് ) കൊളപ്പുറത്ത് സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് ജാഫർ മാറാക്കര അദ്ധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി മുഖ്യ പ്രഭാഷണം നടത്തി. കെ വി ബാല സുബ്രഹ്മണ്യൻ, കെ കെ ഫൈസൽ തങ്ങൾ, സൽമ പള്ളിയാളി, പി എച്ച് ഫൈസൽ, കെ സി നാസർ, എഞ്ചിനിയർ ടി മൊയ്തീൻകുട്ടി, മൻസൂർ പി പി എന്നിവർ സംസാരിച്ചു. ടി കെ സമദ് സ്വാഗതവും ഹനീഫ പാറയിൽ,ഷംസു വരമ്പനാലുങ്ങൽ നന്ദിയും പറഞ്ഞു.

