സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനു ഇന്ന് തുടക്കം
എം. കേളപ്പൻ നഗറിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിച്ചു. വെസ്റ്റ്ഹില്ലിലെ സമുദ്ര ഓഡിറ്റോറിയത്തിൽ ( എം കേളപ്പൻ നഗർ ) രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. വിശ്വൻ രക്തസാക്ഷി പ്രമേയവും കെ കുഞ്ഞമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളന വേദിയായ ഇഎംഎസ് നഗറിൽ ഞായർ വൈകിട്ട് പതാക ഉയർത്തി. സമ്മേളനത്തിൽ 208 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളുൾപ്പെടെ 250 പേർ പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റഗം ടി. പി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ജില്ലാ സെക്രട്ടറി പി. മോഹനൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചക്ക് ശേഷം പൊതുചർച്ച. ചൊവ്വാഴ്ച ചർച്ചയും മറുപടിയും. ബുധൻ പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് സമാപന സമ്മേളനം കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.