സിപിഐ എം ജില്ലാ നേതൃസ്ഥാനത്തേക്ക് മൂന്നാം വട്ടവും പി. മോഹനൻ
45 അംഗ കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങൾ
കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ല സെക്രട്ടറിയായി പി. മോഹനനെ മൂന്നാമതും തിരഞ്ഞെടുത്തു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല സമ്മേളനം ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 45 അംഗ കമ്മിറ്റിയിൽ 15പേർ പുതുമുഖങ്ങളാണ്.
2015ൽ വടകര നടന്ന സമ്മേളനത്തിലാണ് പി. മോഹനൻ ആദ്യമായി പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കൊയിലാണ്ടിയിൽ നടന്ന സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ പി. മോഹനൻ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ച് നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു.
ആദ്യമായി രൂപവത്കരിച്ച ജില്ലാകൗൺസിലിലെ അംഗം, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാസമിതി അംഗമാണ്. 49 വർഷമായി പാർടി അംഗമായി ജനസേവനം നടത്തുകയാണ്. 1991 മുതൽ ജില്ലാകമ്മിറ്റി അംഗവും 2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗമാണ് ഇദ്ദേഹം. സി.പി.എം ജില്ല കമ്മിറ്റിഅംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ. കെ. ലതികയാണ് ജീവിത സഖി. മക്കൾ: ജൂലിയസ് നികിദാസ്, ജൂലിയസ് മിർഷാദ്. മരുമക്കൾ: സാനിയോ, ഡോ. ശിൽപ്പ.

