മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുൻപ് സ്ഫോടനം രണ്ട് പേർ മരിച്ചു
ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം

ഇംഫാൽ : ശനിയാഴ്ച വൈകുന്നേരം 7.30 നാണ് മണിപ്പൂർ ചുരാചന്ദ് പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിൽ സ്ഫോടനുമുണ്ടായത്. സ്ഫോടനത്തിൽആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം .മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂർ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്ഫോടനമുണ്ടാവുന്നത്. സ്ഫോടനം ആകസ്മികമായി ഉണ്ടായതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സമീപത്തെ ബി എസ് എഫ് ഫയറിംഗ് റേഞ്ചിൽ നിന്ന് പ്രദേശവാസികൾ പൊട്ടിത്തെറിക്കാത്ത മോർട്ടാർ ഷെൽ എടുത്തതിന് ശേഷമാണ് സ്ഫോടനം സംഭവിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.സ്ഫോടന നടന്ന സ്ഥലത്ത് മോർട്ടാർ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് ആറു വയസ് പ്രായമുള്ള കുട്ടി മരിച്ചത്. ആറ് വയസുള്ള മാഗ്മിൻലാലും 22 വയസുള്ള ലാഗ്ഗിൻസാംഗുമാണ് കൊല്ലപ്പെട്ടതെന്ന്
തിരിച്ചിറിഞ്ഞിട്ടുണ്ട്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മോർട്ടാർ ഷെല്ല് കുട്ടികൾ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. .
സ്ഫോടനത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ജില്ലാ കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അറുപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാർത്ഥികൾ അടക്കം 173 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. 1222713 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക.ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂ രിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.