ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാവും
കെ.പി.സി.സി വച്ച മൂന്ന് പേരുടെ ലിസ്റ്റിൽ നിന്ന് ഹൈക്കമാന്റാണ് പ്രഖ്യാപനം നടത്തിയത്

ന്യൂഡൽഹി: കോൺഗ്രസിലെ രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചയ്ക്ക് അന്ത്യം.മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തറിനാണ് ഒടുവിൽ നറുക്ക് വീണത്. കെ.പി.സി.സി. നടത്തിയ വിശദമായ ചർച്ചയിൽ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാൻഡിന് മുമ്പാകെ വച്ചത്. ജെബി മേത്തർ, എം ലിജു, ജെയ്സൺ ജോസഫ് എന്നിവരായിരുന്ന ലിസ്റ്റിൽ വന്ന മൂന്ന് പേർ. ഇന്നലെ വെകുന്നേര ത്തോടെയാണ് കെപിസിസി പട്ടിക കൈമാറിയത്.
പട്ടിക ലഭിച്ച് റിക്കാർഡ് വേഗത്തിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിൽ ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തറിന് അനുകൂല ഘടകമായത്.
സംസ്ഥാനത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തിൽനിന്ന് എംപിയില്ല. എന്നാൽ ഇടതുപക്ഷത്തിന് എഎ റഹീം കൂടി വരുന്നതോടെ മുസ്ലീം പ്രാതിനിധ്യം മൂന്നായി ഉയരും. ഇതും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടി കണക്കിലെടുത്താണ് ജെബിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. കെ.പി.സി.സി യുടെ ഈ നിർദ്ദേശം ഹൈ ക്കമാൻഡ് അംഗീകരി ക്കുകയായിരുന്നു.