ഇന്ധന വിലവർദ്ധനയിൽ ജനതാദൾ എസ് പ്രക്ഷോഭം
ഏപ്രിൽ മൂന്നിന് അടുപ്പുകൂട്ടി പ്രതിഷേധം

കോഴിക്കോട് : പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനക്കെതിരെ വ്യാപക പ്രക്ഷോഭത്തിന് ജനതാദൾ എസ് നേതൃത്വം നൽകുമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ നിത്യേനയുള്ള വില വർദ്ധന പുനരാരംഭിച്ചിരിക്കയാണ്. പാചക വാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർദ്ധിപ്പിച്ചത്. പെട്രോൾ, ഡീസൽ അനുദിന വില വർദ്ധന തുടരുകയാണ്.
കോവിഡ് മാരിയുടെ കെടുതിയിൽ നിന്ന് കരകയറുന്നതിന് മുമ്പുള്ള വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുകയാണ്.
വിലക്കയറ്റത്തിനെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ കോഴിക്കോട് മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണാ നടത്തി. 30 ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലും സമരം സംഘടിപ്പിക്കും. ഏപ്രിൽ 3 ന് വീട്ടമ്മമാരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ വീടിന് മുന്നിൽ അടുപ്പ് കൂട്ടി പ്രതിഷേധിക്കും.