സ്വാതന്ത്ര്യ ദിനത്തലേന്ന് മലമ്പുഴയിൽ സി.പി.എം. പ്രവർത്തകനെ വെട്ടിക്കൊന്നു
ആർ എസ് എസ് ആണ് കൊല നടത്തിയതെന്ന് സി.പി.എം
പാലക്കാട് : രാജ്യം എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പാലക്കാട്ട് രാഷ്ട്രീയ കൊലപാതകം.സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയു മായ എസ് ഷാജഹാനെയാണ് (40) കഴിഞ്ഞ രാത്രി വെട്ടിക്കൊന്നത്. ആർഎസ്എസ് ആണ് കൊല നടത്തിയതെന്ന് സി.പി.എം. ആരോപിച്ചു.കുന്നങ്കാട് ജങ്ഷനിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്.
ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ കുന്നങ്കാട് ജങ്ഷനിൽ നിൽക്കുമ്പോഴായി രുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു.
കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചയിൽ. പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടക്കും. മരുതറോഡ് പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. പ്രദേശത്ത് ഫ്ലക്സ് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാൽ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു.

