നൊച്ചാട് നോർത്ത് ലോക്കൽ സുരക്ഷ പാലിയേറ്റീവ് ഉദ്ഘാടനം ചെയ്തു
കെ. കുഞ്ഞമ്മദ് ഉദ്ഘാടനം നിർവഹിച്ചു

നൊച്ചാട്: സാന്ത്വന പരിചരണ രംഗത്ത് സഹജീവികൾക്ക് തണലേകാൻ സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തിലുടനീളം പാർട്ടി ബ്രാഞ്ചുകളിൽ സുരക്ഷ പാലിയേറ്റീവ് പ്രവർത്തനമാരംഭിക്കുന്നു. കിടപ്പു രോഗികൾക്ക് ഹോം കെയർ സൗകര്യവും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തുക എന്നതാണ് പാലിയേറ്റീവ് പ്രവർത്തനം കൊണ്ട് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പരിശീലനം ലഭിച്ച സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
സുരക്ഷ പാലിയേറ്റീവ് നൊച്ചാട് നോർത്ത് ലോക്കൽ തല ഉദ്ഘാടനം കൃഷ്ണപ്പിള്ള ദിനത്തിൽ കൈതക്കലിൽ കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് ഹോം കെയർ പ്രഖ്യാപനം നടത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണൻ പാലിയേറ്റീവ് സെൻ്ററിലേക്കാവശ്യമായ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ മേഖല ചെയർമാൻ പി. എം. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, അഡ്വ: കെ. കെ. രാജൻ, കെ. ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. കെ. രാധാകൃഷ്ണൻ സ്വാഗതവും, ശോഭനാ വൈശാഖ് നന്ദിയും പറഞ്ഞു.