കൊടിയേരി ഒഴിഞ്ഞു. എം.വി ഗോവിന്ദൻ സി.പി.എം. സംസ്ഥാന സെക്രട്ടറി
ഇന്ന് നടന്ന സംസ്ഥാനകമ്മിറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരെഞ്ഞെടുത്തത്

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന് കഴിയാത്ത സാഹചര്യത്തിൽ എം വി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഇ പി ജയരാജൻ അധ്യക്ഷനായി.
എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും എം.വി ഗോവിന്ദൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെഎസ് വൈഎഫ് പ്രവർത്തകനായാണ് സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ് വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്.
ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. മൊറാഴയിലെ കെ. കുഞ്ഞമ്പു വിന്റേയും മീത്തിലെ വീട്ടിൽ മാധവിയുടേയും ആറു മക്കളിൽ രണ്ടാമൻ. തളിപ്പറമ്പ് നഗരസഭാ ചെയർപഴ്സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, കുട്ടൻ എന്നിവർ മക്കൾ.