എൻ. കെ. സലീം മാസ്റ്ററെ സി.പി.ഐ.എം കിഴുക്കോട്ടു കടവ് ബ്രാഞ്ച് അനുമോദിച്ചു
സലീം മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ ചേന്ദമംഗലൂർ സ്കൂളിലെ തനതിടമാണ് സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്
നടുവണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം തനതിടം പദ്ധതിയിലൂടെ സംസ്ഥാന തല അംഗീകാരം നേടി, നാടിന്റെ അഭിമാനമായി മാറിയ എൻ. കെ. സലീം മാസ്റ്ററെ സി.പി.ഐ.എം. കിഴുക്കോട്ടു കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പാർട്ടി ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം സി. എം. ശ്രീധരൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ടി സുരേന്ദ്രൻ, വീരാൻ, അഷറഫ് മണോളി, തസ്‌ലീന, അസീസ് എൻ എന്നിവർ സംസാരിച്ചു.
തനതിടം പദ്ധതിയിലൂടെ എൻ. കെ. സലീമിൻ്റെ നേതൃത്വത്തിൽ ചേന്ദമംഗലൂർ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ഓപ്പൺ ഓഡിറ്റോറിയമാണ് സംസ്ഥാന തല പുരസ്കാരത്തിനർഹമായത്. ആക്രി പെറുക്കി വിറ്റു സമാഹരിച്ച തുക കൊണ്ടാണ് തികച്ചും പ്രകൃതി സൗഹൃദമായ ഓഡിറ്റോറിയം തയ്യാറാക്കിയത്.
വർഷങ്ങളായി കാടുപിടിച്ചു കിടന്ന പ്രദേശമാണ് സലിം മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച തനതിടമായി മാറിയത്. ചേന്ദമംഗലൂരിലെ റെസിഡൻസ് അസോസിയേഷനുകളും അധ്യാപകരും പൂർവ്വ വിദ്യാർഥികളും എൻ.എസ്.എസ് വളണ്ടിയർമാർക്കൊപ്പം പദ്ധതിയിൽ പങ്കാളികളായി. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഭൂമിശാസ്ത്രം അധ്യാപകനാണ് സലീം മാസ്റ്റർ.

