സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഭയാനകം അഡ്വക്കറ്റ് കെ പ്രവീൺകുമാർ
പ്രതികൾക്ക് വേണ്ടി സിപിഎം സെക്രട്ടറി സംസാരിക്കുന്നത് അത്ഭുതകരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ചത് സംബന്ധമായ കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നടത്തിയ പ്രസ്താവന ഭയാനകമാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വക്കറ്റ് പ്രവീൺകുമാർ. കേസിൽ പിടിയിലായ പ്രതികൾക്ക് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സംസാരിക്കുന്നത് അത്ഭുത കരമാണ്. ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ന്യായീകരിക്കുന്ന സിപിഎം നേതാവിന്റെ നയം പ്രതിഷേധാർഹമാണ്.സിപിഎമ്മിന് എന്തുമാകാം എന്ന അഹങ്കാരമാണ് സെക്രട്ടറിയുടെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.ഭരിക്കുന്ന പാർട്ടിയുടെ നേതാവ് തന്നെ, അക്രമം കാണിക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ രംഗത്ത് വരുന്നത് തികച്ചും ഭയാനക മാണെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലേക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചിരുന്നത്. യുവജന പ്രസ്ഥാനത്തിൻറെ സംസ്ഥാന നേതാവടക്കമുള്ളവരാണ് സംസ്ഥാനത്ത് ആകെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് സിസിടിവിയിലൂടെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് വൈകിപ്പിച്ചു എന്ന ആരോപണം ശക്തമായിരുന്നു. ഒടുവിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതികൾ സ്വമേധയാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നത്. ഇതിനുശേഷം കൂട്ടു പ്രതികളെ പിടിക്കുന്നതിനുവേണ്ടി പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.
പോലീസ് നിലവിട്ട് പ്രവർത്തിക്കുന്നുവെന്നും അസമയത്ത് പോലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വീടുകളിൽ കയറി അതിക്രമം കാണിക്കുന്നു വെന്നും ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സെക്രട്ടറി പേരെടുത്ത് തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു.