ഓംബുഡ്സ്മൻ വിധി പഞ്ചായത്ത് അംഗീകരിച്ചില്ല, യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തെച്ചൊല്ലിയാണ് പ്രതിഷേധമുയർന്നത്

മേപ്പയ്യൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ ഗ്രാമസഭയുടെയോ, ഫണ്ട് നൽകിയ എം.പിയുടേയോ എം.എൽ.എയുടേയോ അറിവോ സമ്മതമോ ഇല്ലാതെ മാറ്റം വരുത്താൻ പാടില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മെൻ വിധി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചില്ല. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തെച്ചൊല്ലി ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്ക് തർക്കവും, ബഹളവും നടന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് അഞ്ച് യു.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഏക കേന്ദ്രമായ ബോംബു കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ അടച്ചു പൂട്ടുന്നത് നാടിന് ദ്രോഹമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഓംബുഡ്സ്മാൻ വിധിയെ മറികടക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
തുടർന്ന് യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും പഞ്ചായത്തംഗങ്ങളായ കെ. സി. രാജൻ, ഇ. എം. മനോജ്, കുറ്റ്യയത്തിൽ ഗോപാലൻ, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി. യു. സൈനുദ്ദീൻ, ചുക്കോത്ത് ബാലൻ നായർ, ഒ. കെ. കുമാരൻ, എൻ. ടി. ശിവാനന്ദൻ, ടി. എ. സലാം, പാറക്കീൽ അശോകൻ, ദീപക് കൈപ്പാട്ട് എന്നിവർ നേതൃത്വം നൽകി.