സുധാകരൻ മാഷ് ഇനി ഓർമ്മത്താളിൽ; നഷ്ടമായത് നടുവണ്ണൂർ കോൺഗ്രസിലെ സാത്വിക മുഖം
ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു
നടുവണ്ണൂർ:പതിവ് രാഷ്ട്രീയ ത്തിന്റെ ചിട്ടവട്ടങ്ങൾക്കപ്പുറം നടുവണ്ണൂർ രാഷ്ട്രീയത്തിൽ തന്റേതായ വഴി വെട്ടി നടന്ന സുധാകരൻ നമ്പീശൻ ഇനി ഓർമ്മത്താളിൽ ജീവിക്കും. ഇന്നലെ അന്തരിച്ച പി സുധാകരൻ മാഷുടെ ഭൗതിക ദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. നൂറു കണക്കിന് പ്രവർത്തകരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്ന് രാവിലെ 9 മണിയോടെ മൂത്തമകൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഹൃദയ സംബന്ധമായ അസുഖം ഭേദമായതിനു ശേഷം ഒരു മാസക്കാലത്തെ മകളുടെ വീട്ടിലെ താമസ കഴിഞ്ഞ് ഞായറാഴ്ചയാണ് ദീർഘകാലത്തിന് ശേഷം കാവുന്തറയിലെ വീട്ടിലേക്ക് മാഷ് എത്തിയത്. വളരെ ആരോഗ്യത്തോടെ മൂന്നു ദിവസം വീട്ടിൽ കഴിഞ്ഞ ശേഷം ഇന്നലെ കാലത്താണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ബന്ധുക്കൾ ചേർന്ന് ഉടൻ കോഴിക്കോട് മൈത്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഒന്നര പതിറ്റാണ്ടോളമായി നടുവണ്ണൂർ കോൺഗ്രസ് പ്രസ്ഥാനത്തെ ശാന്തമായി നയിച്ച സുധാകരൻ നമ്പീശൻ സർവ്വ സമ്മതനായ രാഷ്ട്രീയക്കാരനാ യിരുന്നു. നാട്ടിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക മുഖമായിരുന്നു അദ്ദേഹം. ശരാശരി രാഷ്ട്രീയക്കാരന്റെ പതിവ് ജാഡകൾ ഒന്നുമില്ലാതെ നടുവണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തെയും യു ഡി എഫി നെയും അതിഭാവുകത്വമില്ലാതെ അദ്ദേഹം നയിച്ചു.വിഷയങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും പാർട്ടിയിൽ അദ്വിതീയ സ്ഥാനമാണ് സുധാകരൻ നമ്പീശന് ഉണ്ടായിരുന്നത്.
സംസ്കാര ശേഷം പള്ളിയത്ത് കുനിയിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. കാവിൽ പി.മാധവൻ അധ്യക്ഷനായി. ഡി.സി.സി. ട്രഷറർ ടി.ഗണേശ് ബാബു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ,പ്രജോഷ്, കൊല്ലോറത്ത് ബാലകൃഷ്ണൻനായർ ,പി.മുരളീധരൻ നമ്പൂതിരി, മീന ടീച്ചർ, ബാബുരാജൻ മാസ്റ്റർ, സാജിദ് നടുവണ്ണൂർ, കെ.എം. സൂപ്പി മാസ്റ്റർ, കെ.കെ.അബ്ദുള്ള മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, സുബൈദ കൊയമ്പ്രത്ത്, എ.പി. ഷാജി മാസ്റ്റർ, കെ.രാജീവൻ, എം.രാജൻ മാസ്റ്റർ,എം. സത്യൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

