നടുവണ്ണൂരിൽ നാളെ എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേ വേദിയിൽ
വ്യാപാരി ഫെസ്റ്റിൽ നാളെ നടുവണ്ണൂരിന്റെ വികസന സംവാദം

നടുവണ്ണൂർ: നടുവണ്ണൂരിന്റെ വ്യാപാര മേഖലയിൽ പുതു ചരിത്രമെഴുതി ഒന്നര മാസത്തോളമായി നടന്നു വരുന്ന വ്യാപാരി ഫെസ്റ്റിനോടനുബന്ധിച്ച് നാളെ നടക്കുന്ന വികസന സംവാദത്തിൽ എൽഡിഎഫ് യുഡിഎഫ് ബിജെപി പ്രതിനിധികൾ ഒരേ വേദിയിൽ അണിനിരക്കും. വളർന്നു കൊണ്ടിരിക്കുന്ന ദേശത്തിന്റെ വികസന കുതിപ്പുകളും പ്രയാണത്തിലെ കിതപ്പുകളും പ്രതിനിധികൾ ഇഴകീറി പരിശോധിക്കും. നാടിന്റെ നേട്ടങ്ങളും കോട്ടങ്ങളും അനുസ്മരിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന വേദിയാണ് വ്യാപാരി ഫെസ്റ്റിൽ ഒരുക്കുന്നത്. വാദങ്ങളും പ്രതിവാദങ്ങളു മുയർത്തി മുന്നണി പ്രതിനിധികളും ബിജെപി വ്യാപാരി പ്രതിനിധികളും മുഖാമുഖം നില്ക്കുമ്പോൾ അത് നടുവണ്ണൂർ ചരിത്രത്തിലെ മറ്റൊരു സംഭവമായി മാറുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു.
വൈകിട്ട് 5 മണിക്കാണ് സംവാദം ആരംഭിക്കുക. കേരളത്തിലെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫസർ ടിപി കുഞ്ഞിക്കണ്ണൻ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കും. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ ഗ്രാമ പഞ്ചായത്തിന്റെ വികസന ലക്ഷ്യങ്ങളും പദ്ധതികളും സംക്ഷിപ്തമായി വിശദീകരിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എം ശശി, മുൻ വൈസ് പ്രസിഡൻറ് ഒ.എം കൃഷ്ണകുമാ ർ എന്നിവർ അനുബന്ധമായി സംസാരിക്കും.
തുടർന്ന് ജനപ്രതിനിധികൾ മാധ്യമപ്രവർത്തകർ രാഷ്ട്രീയ പ്രവർത്തകർ വ്യാപാരികൾ തുടങ്ങിയവരെ സാക്ഷിനിർത്തി മുന്നണി പ്രതിനിധികൾ നേർക്കുനേർ സംവാദം നടത്തും. സി ബാലൻ(സി.പിഎം ), ടി.എം.ശശി (സി.പിഐ) സാജിദ് നടുവണ്ണൂർ (മുസ്ലിം ലീഗ്)കെ സി റഷീദ് (കോൺഗ്രസ്) സജീവൻ നാഗത്ത്(ബിജെപി) സജീർ (വ്യാപാരി പ്രതിനിധി) എന്നിവരാണ് സംവാദത്തിൽ അണിനിരക്കുക. മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ മൂസക്കോയ നടുവണ്ണൂർ ആണ് പരിപാടിയുടെ അവതാരകൻ .