കൊയിലാണ്ടിയിൽ സബ്സ്റ്റേഷൻ പണി ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ
സബ്സ്റ്റേഷൻ അനുവദിച്ചിട്ടും സ്ഥലം കണ്ടെത്താൻ എംഎൽഎക്കായില്ലെന്ന് ആരോപണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുവദിക്കപ്പെട്ട കെഎസ്ഇബി സബ്സ്റ്റേഷൻ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കൊയിലാണ്ടി കെഎസ്ഇബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പ്രദേശത്തെ പവർകട്ട് വർദ്ധിച്ചു വരുന്ന പ്രഖ്യാപിത സാഹചര്യത്തിൽ വ്യാപാരികളും ഗാർഹിക ഉപഭോക്താക്കളും വളരെയേറെ പ്രയാസം അനുഭവിക്കുകയാണ്.
ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വിപി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 20.6 കോടി രൂപ അനുവദിച്ചിട്ട് രണ്ടു വർഷമായിട്ടും ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ എംഎൽഎക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.സർക്കാറിന്റെ തെരുവ് വിളക്ക് പദ്ധതി വൻ പരാജയമായി മാറിയിരിക്കുകയാണ്. കേടായ തെരുവ് വിളക്കുകൾ എത്രയും പെട്ടെന്ന് നന്നാക്കാനുള്ള നടപടി സ്വീകരിക്കണം ,അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ എം നജീബ് അധ്യക്ഷനായി. ടി അഷ്റഫ് മണ്ഡലം സെക്രട്ടറി കെ കുഞ്ഞഹമ്മദ്,മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് ആദിക് ജസാർ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം അഷ്റഫ് സ്വാഗതവും ട്രഷറർ എം കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.ധർണക്ക് വി എം ബഷീർ,ടിവി ഫക്രുദീൻ മിന്നത്ത്സലാം ഓടയ്ക്കൽ റൗഫ് നടേരി,നൗഫൽ,ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി