ഗവർണർമാരുടെ സൗകര്യങ്ങൾ അധികാരമായി കാണരുത്; അഡ്വ. പി. സന്തോഷ് കുമാർ എം.പി
മേപ്പയൂരിൽ ദേവരാജൻ കമ്മങ്ങാട് അനുസ്മരണം അഡ്വ: പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഗവർണർമാർക്ക് ഭരണഘടനാപരമായി ലഭിക്കുന്ന സൗകര്യങ്ങൾ അധികാരങ്ങളായി തെറ്റിദ്ധരിച്ച് നിലപാട് സ്വീകരിക്കുന്ന ഗവർണറാണ് കേരളത്തിലേതെന്ന് സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. മേപ്പയ്യൂരിൽ പ്രമുഖ സി.പി.ഐ. നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവുമായിരുന്ന ദേവരാജൻ കമ്മങ്ങാടിന്റെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഇതര സർക്കാരുകളെ തങ്ങളുടെ രാഷ്ട്രീയ അജണ്ട ഉപയോഗിച്ച് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് കേരളത്തിലെ ഗവർണറുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതു സർക്കാർ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഇത് ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. അതിനെ പിന്നോട്ടടിപ്പിക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനത്തിനു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി സി. ബിജു അധ്യക്ഷനായി. വിവിധ ഘടകങ്ങളുടെ പാർട്ടി പ്രവർത്തന ഫണ്ട് ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ ഏറ്റുവാങ്ങി. ആർ. ശശി, അജയ് ആവള, യൂസഫ് കോറോത്ത്, പി. കെ. സുരേഷ്, ഏ. കെ. ചന്ദ്രൻ, പി. ബാലഗോപാലൻ, എം. കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊയിലോത്ത് ഗംഗാധരൻ, ബാബു കൊളക്കണ്ടി, കെ. രാജേന്ദ്രൻ, ഇ. രാജൻ, ടി. കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.