ടിപി രാമകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി കോൺഗ്രസ്
മുളിയങ്ങിൽ ഡിസംബർ നാലിന് രാപകൽ പ്രക്ഷോഭം സംഘടിപ്പിക്കും
പേരാമ്പ്ര: നൊച്ചാട് എ എൽ പി സ്കൂൾ അധ്യാപകനും കോൺഗ്രസ് നേതാവുമായ അജീഷ് മാസ്റ്ററെ സർവീസിൽ നിന്നും അന്യായമായി സസ്പെൻഡ് ചെയ്തതിന് പിറകിൽ പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ആണെന്ന് ആരോപിച്ച്, എംഎൽഎയുടെ പൊതു പരിപാടികൾ ബഹിഷ്കരിക്കുമെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നൊച്ചാട്ടെ പാർട്ടി പ്രവർത്തകർ ക്കെതിരെയും ഓഫീസുകൾക്കും വീടുകൾക്കും നേരെയും നടക്കുന്ന അക്രമങ്ങൾക്ക് എംഎൽഎയുടെ പിന്തുണയുണ്ടെന്ന് നേതാക്കന്മാർ പറഞ്ഞു.
എംഎൽഎ വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ അജീഷ് മുഖ്യമന്ത്രിയെ വിമാനത്തിൽ അക്രമിച്ച കേസിൽ പ്രതിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. സത്യ വിരുദ്ധമായ ഈ കാര്യം ഒരു ജന പ്രതിനിധി സ്വന്തം ലെറ്റർപാഡിൽ വിദ്യാഭ്യാസ വകുപ്പിന് എഴുതി നൽകിയത് അധികാര ദുർവിനിയോഗം ആണ്. പേരാമ്പ്ര പട്ടണത്തിലെ സൗന്ദര്യവൽക്കരണം അശാസ്ത്രീയമാണ്. ഇതിൻറെ പിന്നിൽ അഴിമതിയുണ്ടെന്നും കോൺഗ്രസ് നേതാക്കന്മാർ ആരോപിച്ചു. എംഎൽഎയുടെ ജനവിരുദ്ധമായ നയങ്ങൾ ക്കെതിരെ ജനമനസാക്ഷി ഉണർത്തുന്നതിനായി വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് മുളിയങ്ങിൽ വച്ച് ഡിസംബർ നാലിന് രാപകൽ പ്രക്ഷോഭം സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എം പ്രകാശൻ, സി കെ അജീഷ് എന്നിവർ പങ്കെടുത്തു.

