സിപിഎം ജാഥയ്ക്ക് സ്കൂൾ ബസ് ഉപയോഗിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും
മോട്ടോർ വാഹന നിയമം ലംഘിച്ചതിന് പിഴ ഈടാക്കും

കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് ജില്ലയിലെ സ്കൂൾ ബസുകൾ ഉപയോഗിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. മോട്ടോർ വാഹന നിയമം അടിസ്ഥാനമാക്കി പിഴ ഈടാക്കാനാണ് തീരുമാനം. ഒളവണ്ണയിലെ സ്വകാര്യ സ്കൂളിൻറെ മൂന്ന് ബസ്സുകളും പേരാമ്പ്ര പ്ലാന്റേഷൻ ഗവൺമെൻറ് സ്കൂളിന്റെ ബസ്സും ആണ് എം വി ഗോവിന്ദൻ മാസ്റ്റർ നയിച്ച ജനകീയ പ്രതിരോധ ജാഥയിലേക്ക് പ്രവർത്തകരെ കൊണ്ടു വന്നതിന് ഉപയോഗിച്ചത്.
മോട്ടോർ വാഹന നിയമത്തിൽ സെക്ഷൻ 2 ൽ 11 പ്രകാരം സ്കൂൾ ബസുകൾ സ്കൂൾ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് കൃത്യമായി പറയുന്നുണ്ട്. ഇത് ലംഘിച്ചു കൊണ്ടാണ് സ്കൂൾ ബോർഡുള്ള വാഹനങ്ങളിൽ പാർട്ടിയുടെ കൊടി കെട്ടി ജാഥ സ്വീകരണ കേന്ദ്രങ്ങളിലേക്ക് പ്രവർത്തകരെ കൊണ്ടു വന്നത്.
പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ആർ സി ഉടമകളിൽ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ കോഴിക്കോട് പറഞ്ഞു.അതേസമയം പാർട്ടി പ്രവർത്തകരെ കൊണ്ടുവരാൻ വാഹനങ്ങൾ ഉപയോഗിച്ചതിൽ തെറ്റില്ല എന്ന നിലപാടിലാണ് ഇപ്പോഴും സിപിഎം നേതൃത്വത്തിന്.