നഗരസഭയിലെ സ്ഥിരം സമിതി ചെയർപേഴ്സണെ നീക്കാൻ യുഡിഎഫ് തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകി
കോർപ്പറേഷനിൽ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ച ഏക സ്ഥിരം സമിതിയാണിത്
കൊച്ചി: കൊച്ചി നഗരസഭയിലെ യുഡിഎഫിന്റെ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സണെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഡിഎഫ് തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകി. കോർപ്പറേഷനിലെ യുഡിഎഫ് അംഗമായ സുനിത ഡിക്സണെതിരെയാണ് മുന്നണി അവിശ്വാസ പ്രമേയത്തിന് കളക്ടർക്ക് നോട്ടീസ് നൽകിയത്.
കോർപ്പറേഷനിൽ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ച ഏക സ്ഥിരം സമിതിയാണിത്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, അനാവശ്യമായി ഫയലുകൾ വൈകിപ്പിക്കുന്നു എന്നീ ആരോപണങ്ങളാണ് ആർഎസ്പി അംഗമായ സുനിതയ്ക്കെതിരെ നോട്ടീസിലുള്ളത്. പൊതുമരാമത്ത് സ്ഥിരം സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ വി കെ മിനിമോൾ, പയസ് ജോസഫ്, സിന ഗോകുലൻ, അഭിലാഷ് തോപ്പിൽ എന്നിവരാണ് കലക്ടർക്ക് നോട്ടീസ് സമർപ്പിച്ചത്.
യുഡിഎഫ് ജില്ലാ നേതൃത്വവും ഡിസിസിയും ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നാണ് അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചത്. സ്ഥാനമേൽക്കു മ്പോൾ തന്നെ ഒന്നര വർഷത്തിനു ശേഷം ഒഴിയണമെന്ന് കരാർ ഉണ്ടായിരുന്നു. എന്നാൽ സുനിത ഇതിന് തയ്യാറായില്ല. ഇതിനിടെ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്ത് നിന്നും ചെയർമാനെതിരായി പല പരാതികളും ഉയർന്നു. തുടർന്ന് ആർഎസ്പിയോട് ചെയർമാനെ രാജിവെപ്പിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ അത്തരം ധാരണയില്ലെന്ന വാദത്തോടെ സുനിത ഡിക്സൺ രാജിയാവശ്യം അവഗണിച്ചു.

