മുഹമ്മദ് റിയാസിനെതിരായ പിഎഫ്‌ഐ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പരാതി
ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടതുമാണ് പ്രസ്താവന
തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പിഎഫ്‌ഐ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം ഡിജിപിക്ക് പരാതി നല്‍കി. ജന പ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടതുമാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്ന് പരാതിയില്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് കെ സുരേന്ദ്രന്‍, മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിച്ചത്. സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ മന്ത്രിമാരായ വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ വര്‍ഗീയ വിഷം പടര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയതെന്നും വികൃതമനസ്സില്‍ നിന്നുള്ള വിഷ വാക്കുകളാണിതെന്നും വീണ പറഞ്ഞു. പല തവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്നും, പൊതു പ്രവര്‍ത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണ് റിയാസിനെതിരെ നടത്തിയതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
''മന്ത്രി മുഹമ്മദ് റിയാസിന് പി.എഫ്.ഐ ഉള്‍പ്പെടെ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിനെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദികളുടെ വോട്ട് നേടാനാണെന്നുമുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. മന്ത്രിയായിട്ടു പോലും മുസ്ലീമാണെന്ന ഒറ്റക്കാരണത്താല്‍ തീവ്രവാദിയെന്ന് വിളിക്കുന്നത് ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതുമാണ്.'' സുരേന്ദ്രന്റെ പ്രസ്താവനയില്‍ സര്‍ക്കാരോ ഇടതുപക്ഷമോ നിയമനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് പരാതി നല്‍കിയതെന്നും ആദില്‍ പറഞ്ഞു.

