എൽ.ജെ.ഡി. ബഹുജന റാലി മെയ് 14ന് മുതുകാട്ടിൽ
എൽ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: മുതുകാട് - കൂത്താളി കർഷക സമരങ്ങളുടെ സ്മരണാർത്ഥം എൽ.ജെ.ഡി. സംഘടിപ്പിക്കുന്ന ബഹുജന റാലി മെയ് 14ന് മുതുകാട്ടിൽ നടക്കും. എൽ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഹരിയാനയിലെ കർഷക നേതാവും ഡൽഹിയിൽ നടന്ന കർഷക സമരങ്ങളുടെ മുന്നണി പടയാളിയും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ ദേവീന്ദ്രശർമ്മ പങ്കെടുക്കും.
സോഷ്യലിസ്റ്റുകൾ നടത്തിയ ഐതിഹാസികമായ ഭൂസമരങ്ങളിലൊന്നായ മുതുകാട് - കൂത്താളി കർഷക സമരങ്ങളുടെ ചരിത്രസ്മരണകൾ പുതുതലമുറകളിലേക്ക് പകർന്നു നൽകുന്നതിനോടൊപ്പം സംഘടനയ്ക്ക് കരുത്തും ആത്മവിശ്വാസവും ആർജിക്കുന്നതിനുമായി എൽ.ജെ.ഡി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 2022 ആഗസ്റ്റ് 9 മുതൽ 2023 ഓഗസ്റ്റ് 9 വരെ ഒരു വർഷം നീളുന്ന കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. 54ൽ മുതുകാട് നടന്ന കർഷക കുടിയിറക്ക് സമരത്തിന്റെ 68 മത് വാർഷികവും 72 ൽ തരിശു ഭൂമി പിടിച്ചെടുത്തു നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിന്റെ 50-ാം വാർഷികവും സംയുക്തമായാണ് ആചരിക്കുന്നത്.
2022 ഓഗസ്റ്റ് 9ന് മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ പതാകയുയർത്തിയതോടെ പരിപാടികൾക്ക് ആരംഭമായി. തുടർന്ന് ചെറുവണ്ണൂരിൽ മഹിളാ സംഗമവും, മേപ്പയൂരിൽ കർഷകസംഗമവും പ്രവാസി സംഗമവും, തുറയൂരിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമവും, ഊരള്ളൂരിൽ യുവജന സംഗമവും, പേരാമ്പ്രയിൽ ദേശീയ സെമിനാറും നടന്നു കഴിഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പ് കലാസാംസ്കാരിക പരിപാടികൾ, കുടുംബ സംഗമങ്ങൾ, ഗൃഹയോഗങ്ങൾ എന്നിവ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു.
ഇതിനോടൊപ്പം സഹകാരി സംഗമം, എംപ്ലോയീസ് റിട്ടയേഡ് എംപ്ലോയീസ് സംഗമങ്ങൾ, ബാലജനതാ വിദ്യാർത്ഥി സംഗമങ്ങൾ, ട്രെയിഡ് യൂനിയൻ സംഗമം എന്നിവ വരും ദിവസങ്ങളിൽ നടക്കും. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് ഏഴിന് മുൻമന്ത്രി കെ.പി. മോഹനൻ എം.എൽ.എയാണ് നിർവഹിച്ചത്. മെയ് 14ന് മുതുകാട്ടിൽ ബഹുജന റാലിയും ഓഗസ്റ്റ് 9ന് സുവനീർ പ്രകാശനവും നടക്കും.
നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന റാലിയിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ: വർഗീസ് ജോർജ്, ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ എന്നിവരും മറ്റ് സംസ്ഥാന ജില്ലാനേതാക്കളും സംസാരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ര സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ. സജീവൻ (സ്വാഗതസംഘം ചെയർമാൻ), ഭാസ്കരൻ കൊഴുക്കല്ലൂർ (ജനറൽ കൺവീനർ) തുടങ്ങിയവർ പങ്കെടുത്തു.

