ഖദീജ മുംതാസിനെതിരെ ആക്ഷേപവുമായി സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായി വ്യക്തികളെയും സ്ത്രീകളെയും കാണാമോ
കോഴിക്കോട്: ഖദീജ മുംതാസിനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ. സിപിഐഎം സെമിനാറിൽ പ്രസംഗിക്കാൻ അനുവദിച്ചില്ലെന്ന ഖദീജ മുംതാസിന്റെ ആരോപണം നിർഭാഗ്യകരമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ആ യോഗത്തിൽ ആരും സംസാരിച്ചിട്ടില്ല. നേരിട്ട് സംഘാടക സമിതി രൂപീകരിക്കുകയായിരുന്നു.
മഹിള അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ പി കെ ശ്രീമതി ടീച്ചർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയെക്കുറിച്ച് സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന തരത്തിൽ ഖദീജ മുംതാസ് ആരോപണമുന്നയിക്കുന്നത് ഖേദകരമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനി യുമൊക്കെയായി വ്യക്തികളെയും സ്ത്രീകളെയുമൊക്കെ കാണുന്ന ഒരു നിലപാടിലേക്ക് പരിമിതപ്പെട്ടു പോകുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷ പാർടികളെയും സാമൂഹ്യസാംസ്‌കാരികരംഗത്തെ സംഘടനകളെയുമൊക്കെ സംഘടിപ്പിച്ചുകൊണ്ടുള്ള സെമിനാറിനുള്ള സംഘാടക സമിതിയോഗം ജൂലായ് 6-ന് നടക്കുന്നത്. പങ്കെടുക്കേണ്ട എല്ലാവരുമായി നേരത്തെതന്നെ ഏകസിവിൽകോഡിനെതിരായ സെമിനാർ സംഘടിപ്പിക്കുന്ന കാര്യം ധാരണയെത്തുകയും ചെയ്തിരുന്നു. ഖദീജ മുംതാസിന്റെ പ്രതികരണം ഹൈന്ദവ അജണ്ടയെ സഹായിക്കുകയാണ് ചെയ്യുക. അന്ധമായി ഏകീകൃത സിവിൽ കോഡിനെ എതിർക്കേണ്ടതില്ല എന്ന ഖദീജ മുംതാസിനെ പ്പോലുള്ളവരുടെ നിലപാടുകൾ അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

