വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ ശനിയാഴ്ച
വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഖാസിം ജാഥ നയിക്കും
പേരാമ്പ്ര: വിലക്കയറ്റം കൊടുമുടി കയറുമ്പോൾ അധികാരികൾ എന്തെടുക്കുകയാണ് എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഖാസിം നയിക്കുന്ന വാഹന പ്രചരണ ജാഥ ശനിയാഴ്ച പന്തിരിക്കരയിൽ നിന്ന് ആരംഭിച്ച് ചെറിയകുമ്പളത്ത് അവസാനിക്കും.
സംസ്ഥാനത്ത് പൊതു വിപണിയിൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ വിലക്കയറ്റമാണ്. അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം, മാംസം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദു:സഹമായിട്ടും വില നിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുമെന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനപ്പുറം സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. നിഷ്ക്രിയ നിലപാട് സ്വീകരിക്കുന്ന സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പന്തീരിക്കരയിൽ വൈകീട്ട് 3.30 ന് ജില്ലാ സമിതിയംഗം ഷംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്യും. കടിയങ്ങാട്, കടിയങ്ങാട് പാലം, വടക്കുമ്പാട്, പാലേരി, പാറക്കടവ് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏഴ് മണിക്ക് ചെറിയകുമ്പളത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ ജില്ലാ സമിതിയംഗം ഷഫീഖ് പരപ്പുമ്മൽ സംസാരിക്കും. വി.എം. മൊയ്തു,മൂസ്സ മംഗലശ്ശേരി വി.പി. അസീസ്, എം.കെ. ഫാത്തിമ, അനില തരിപ്പിലോട് എന്നിവർ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ എം.കെ. ഖാസിം, വി.എം. മൊയ്തു, വി.പി. അസീസ്, സെഡ്.എ. സൽമാൻ എന്നിവർ പങ്കെടുത്തു.

