രാഷ്ട്ര പുനർനിർമ്മാണത്തിൽ അധ്യാപകരുടെ പങ്ക് നിസ്തുലം; മുല്ലപ്പള്ളി രാമചന്ദ്രൻ
കുരുടി മുക്കിൽ ഗുരുവന്ദനം-23 മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: രാഷ്ട്ര പുനർനിർമാണത്തിൽ അധ്യാപകരുടെ പങ്ക് നിസ്തുലമെന്ന് മുൻ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗുരുവന്ദനം-23 കുരുടി മുക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവും ദൈവവും കൺമുൻപിൽ വന്നു നിന്നാൽ നാം ആദ്യം വണങ്ങുക ഗുരുവിനെയാണെന്നും, എന്തു കൊണ്ടെന്നാൽ ദൈവം ആരാണെന്ന് ആദ്യം പറഞ്ഞു തന്നത് ഗുരുവാണെന്നും കബീർ ദാസിന്റെ വരികളെ ഉദ്ധരിച്ച് മുല്ലപ്പള്ളി പറഞ്ഞു. പുതിയ കാലത്ത് ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു പോയിട്ടുണ്ട്. ഇത് ദൃഢമാക്കേണ്ടതുണ്ട്.ഇരുട്ടു നിറഞ്ഞ കാലത്ത് യുവതലമുറക്ക് വഴികാട്ടിയാവാൻ അധ്യാപകർക്ക് കഴിയും. വായന മനുഷ്യ മനസ്സിനെ വിമലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ച പഞ്ചായത്ത് പരിധിയിലെ 62 അധ്യാപകരെ ചടങ്ങിൽ മുല്ലപ്പള്ളി ആദരിച്ചു.
മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രമേശ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.സി. ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ സി. രാമദാസ്, കെ. അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പാടി, ശ്യാമള ഇടപ്പള്ളി, ബിനി മഠത്തിൽ, സി.എം. ജനാർദ്ദനൻ, മണ്ഡലം സെക്രട്ടറി പി.കെ.കെ. ബാബു, പി.എം. രാധ എന്നിവർ സംസാരിച്ചു.