കേരളത്തിന്റെ പുരോഗതി തടയാന്‍ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്ന് സിപിഐ എം നേതാവ് ഇ പി ജയരാജൻ
സിപിഐ എം പേരാമ്പ്രയിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം

പേരാമ്പ്ര: കേരളത്തിന്റെ പുരോഗതി തടയാനാണ് കേന്ദ്ര സർക്കാറും യുഡിഎഫും ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരായും കേരളത്തിന് ലഭിക്കേണ്ട അർഹമായ സാമ്പത്തിക സഹായം തടയുന്നതിലും പ്രതിഷേധിച്ച് സിപിഐ എം മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞമ്മത് അധ്യക്ഷനായി.
പദ്ധതി വിഹിതം തടയുന്നതിനു പുറമെ അർഹതപ്പെട്ട സാമ്പത്തിക സഹായവും തരുന്നില്ല. ഇതിനെതിരെ കേന്ദ്ര മന്ത്രിമാർക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പിടാൻപോലും തയ്യാറാകാത്ത യുഡിഎഫ് എംപിമാർ ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. കിഫ്ബിയെ പൊളിച്ച് കേരളത്തിന്റെ വികസനം മുരടിപ്പിക്കാനാണ് യുഡിഎഫും ബിജെപിയും തുടക്കത്തിലേ ശ്രമിച്ചത്. ഇ പി പറഞ്ഞു.
പാവപ്പെട്ട കർഷകർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ കുത്തക മുതലാളിമാരുടെ 15.25 ലക്ഷം കോടിരൂപയാണ് എഴുതിത്തള്ളിയത്. ബിജെപിയെ നിയന്ത്രിക്കുന്നത് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ആർഎസ്എസാണ്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പൊതു ജനാഭിപ്രായം രൂപപ്പെടുത്താനാണ് സിപിഐ എം ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, എം പി ഷിബു, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, എ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എസ് കെ സജീഷ് സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് നന്ദിയും പറഞ്ഞു. പ്രതിരോധ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മണ്ഡലത്തിലെ 174 ബൂത്തുകളിൽ നിന്നുള്ള പ്രവർത്തകർ പേരാമ്പ്ര ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സംഗമിച്ച് പ്രകടനമായാണ് ജനകീയ പ്രതിരോധത്തിനെത്തിയത്.