headerlogo
politics

ജാതി സെന്‍സസ് ആവശ്യം വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ജി. സുകുമാരന്‍ നായര്‍

ജാതി സംവരണത്തിനെതിരെ നായർ സർവീസ് സൊസൈറ്റി

 ജാതി സെന്‍സസ് ആവശ്യം വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ജി. സുകുമാരന്‍ നായര്‍
avatar image

NDR News

11 Oct 2023 06:25 AM

തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. ജാതി സംവരണം രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നും ജാതി സെന്‍സസിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും എൻഎസ്എസ് പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

       ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.നമ്മുടെ രാജ്യം ഒരു മതേതര ജനാധിപത്യരാജ്യമാണ്. മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വര്‍ഗ്ഗത്തേയോ വിഭാഗത്തേയോ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ്. ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യവും അതായിരുന്നു.വോട്ടു ബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുന്നില്‍ അടിയറപറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെന്‍സസും എല്ലാം. ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാഭേദഗതികള്‍ ഇതു വ്യക്തമാക്കുന്നതാണ്

      രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേയ്ക്ക് തുടങ്ങിവച്ച സംവരണം, വര്‍ഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍നിന്നുതന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയ വെളിപ്പെടുത്തുന്നതാണ്.ജാതിസംവരണം ഇന്ത്യന്‍ ഭരണഘടനയുടെ അനുംഛേദം 15(1)-ന്റെ ലംഘനമാണെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുണ്ട്. ഇത്തരം കോടതിവിധികളെ മറികടക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

       ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതും തുടര്‍ന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തില്‍ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവര്‍ഗ്ഗവും പോലും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല. എന്നിട്ടും എന്തുകൊണ്ടാണ് ജാതി അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കുന്നതിനുള്ള വാദം ശക്തിപ്രാപിക്കുന്നതും അതിനെ രാഷ്ട്രീയകക്ഷികള്‍ പരിപോഷിപ്പിക്കുന്നതും അതിനു പിന്നിലുള്ള വോട്ടുരാഷ്ട്രീയമാണെന്നത് വ്യക്തമാണെന്നും എന്‍എസ്എസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

NDR News
11 Oct 2023 06:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents