നവ കേരള സദസിൽ പങ്കെടുത്തില്ലെങ്കിൽ നടപടി: ഉള്ളിയേരിയിൽ യുഡിഎഫ് ബിജെപി പ്രതിഷേധം
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം വിവാദമായി

ഉള്ളിയേരി: സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിന്റെ പ്രചാരണ യോഗത്തിലും പരിപാടിയിലും പങ്കെടുക്കാത്ത കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം വിവാദമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം. ബലരാമനാണ് അംഗങ്ങൾ അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞയാഴ്ച നടത്തിയ കുടുംബശ്രീ എഡിഎസ് ജനറൽബോഡി യോഗത്തിൽ വളരെ കുറച്ചുപേർ മാത്രമായിരുന്നു പങ്കെടുത്തത്.
ഈ കാര്യം സൂചിപ്പിച്ചാണ് എഡിഎസ് അംഗങ്ങളുടെയും അയൽക്കൂട്ട അംഗങ്ങളുടെയും കൂട്ടായ്മയായ ഗ്രൂപ്പിൽ ശബ്ദ സന്ദേശം വന്നത്. വാർഡിലെ ജനറൽ ബോഡിയിലും നവംബർ 25ന് ബാലുശ്ശേരിയിൽ നടക്കുന്ന നവ കേരള സദസ്സിലും പങ്കെടുക്കുന്നവരെ മാത്രമേ ഭാവിയിൽ തൊഴിലുറപ്പ് മസ്റ്ററോളിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ എന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട് എന്നും ശബ്ദ സന്ദേശത്തിലൂടെ സൂചിപ്പിച്ചിരുന്നു.നവ കേരള സദസ്സ് വിജയിപ്പിക്കുന്നതൽ പങ്കുവഹിക്കേണ്ട തൊഴിലുറപ്പ് മേഖലയിൽ പെട്ടവർ യോഗത്തിന് വരാത്തത് ഗൗരവമായി കാണുമെന്നാണ് വൈസ് പ്രസിഡണ്ട് പറയുന്നത്. പഞ്ചായത്ത് നടപടിയെടുത്ത ശേഷം സഹകരിക്കാതിരുന്നവർ പിന്നീട് പരാതിയുമായി വന്നിട്ട് കാര്യമില്ല. ബാലുശ്ശേരിയിലെക്ക് പോകുന്ന നവ കേരള സദസ്സ് പരിപാടിയിൽ പങ്കെടുക്കുന്ന വാഹനത്തിൽ കയറുകയും പരിപാടി അവസാനിക്കും വരെ സദസ്സിൽ ഇരിക്കുകയും വേണം.
ഇതിനിടയിലാണ് ഗ്രൂപ്പിൽ അയച്ച സന്ദേശം പുറത്ത് പ്രചരിച്ച് തുടങ്ങിയത്. ഇതോടെ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ സംസ്ഥാന സർക്കാരിൻറെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് അറിയിപ്പ് നൽകുകയാണ് ചെയ്തതെന്ന് വൈസ് പ്രസിഡണ്ട് പ്രതികരിച്ചു. സദുദ്ദേശത്തോടെ നൽകിയ സന്ദേശം തല്പരകക്ഷികൾ വിവാദമാക്കി മാറ്റുകയാണ്.ഉളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ എഡിഎസ് ജനറൽബോഡി നടന്ന എകെജി വില്ലയിലേക്ക് മാർച്ച് നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. സുരേഷ് യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബൂ ഹാജി പാറക്കൽ, കൺവീനർ കൃഷ്ണൻ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റിന്റെ രാജിയെ ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധയോഗവും പ്രകടനവും നടത്തി.ബിജെപി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ പവിത്രൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭാസ്കരൻ സോമൻ നമ്പ്യാർ രാജേഷ് പുത്തഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. രാജി ആവശ്യപ്പെട്ട് ഇന്ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുന്നുണ്ട്.