കൊയിലാണ്ടി നിയോജകമണ്ഡലം നവ കേരള സദസ്സിൽ ലഭിച്ചത് 3588 നിവേദനങ്ങൾ
നിവേദനങ്ങൾ സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നവ കേരള സദസിൽ ആകെ 3588 നിവേദനങ്ങൾ ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കാണുന്നതിനോടൊപ്പം വ്യക്തിപരമായും പ്രാദേശികമായും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും പരിഹാരം കാണുകയുമായിരുന്നു പലരുടെയും ആവശ്യം. കൊയിലാണ്ടി സ്പോർട്സ് കൗണ്‍സിൽ സ്റ്റേഡിയത്തിൽ നിവേദനങ്ങൾ സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. രാവിലെ 8.30 മുതൽ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. നിവേദനം നൽകുന്നതിനായി വയോജനങ്ങൾ സ്ത്രീകൾ ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു
പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സർക്കാരിനു മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഈ സർക്കാരിൻറെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ല്‍ അധികാരം ഏറ്റെടുക്കുമ്പോൾ സമസ്ത മേഖലയിലും പുരോഗതി കൈവരിക്കുകയെന്ന ദൗത്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചത്. പ്രകടന പത്രിയിൽ പ്രഖ്യാപിച്ചതുപോലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാരിന് സാധിച്ചു. നടപ്പാക്കില്ലെന്ന് കരുതിയ പലതും നടപ്പാക്കി. നിരാശയിൽ നിന്ന് കേരളത്തിന് പ്രതീക്ഷയേകി, മുഖ്യമന്ത്രി പറഞ്ഞു. ഏത് പരിപാടിയിലും ജനപ്രതിനിധികൾ നാടിൻറെ പൊതുവായ പ്രശ്നങ്ങളും പ്രതീക്ഷകളും അവതരിപ്പിക്കും. ചെറുതും വലുതുമായ നാടിൻറെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് മണ്ഡലങ്ങളിൽ ലഭിക്കുന്നത് എന്നിരിക്കെ ഇത്തരത്തിലുള്ള സദസ്സുകൾ ബഹിഷ്കരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചിട്ട് പറഞ്ഞു. കാനത്തിൽ ജമീല എംഎൽഎ ആധ്യക്ഷം വഹിച്ചു. മന്ത്രിമാരായ ആൻറണി രാജു, ബാലഗോപാൽ, ആർ ബിന്ദു, തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സ് നോഡൽ ഓഫീസർ എൻ എം ഷീജ സ്വാഗതവും കൊയിലാണ്ടി തഹസിൽദാർ സി പി മണി നന്ദിയും പറഞ്ഞു.