പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ സമീപനം ക്രൂരം : ഇ.ടി. മുഹമ്മദ് ബഷീർ
ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത് പിന്നോക്ക വിഭാഗത്തിൻറെ സീറ്റെടുത്ത്

കോഴിക്കോട്: ഭിന്നശേഷി സംവരണത്തിലൂടെ സംവരണ നഷ്ടം ഉണ്ടാക്കുന്നത് പിന്നോക്ക വിഭാഗങ്ങൾക്ക് നേരെയുള്ള സർക്കാരിൻറെ ക്രൂരമായ സമീപനത്തിന് ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ബഷീർ എം. പി. പറഞ്ഞു. സർക്കാരിൻറെ സംവരണ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഇല്ലാതാകുന്നത് പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട അവസരങ്ങളാണ്. നിലവിലുള്ള 12% സംവരണം തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ ലഭ്യമായ സംവരണത്തിൽ സർക്കാർ മായം ചേർത്തിരിക്കുന്നു.തെറ്റ് തിരുത്തുന്നതു വരെ മുസ്ലിം ലീഗ് സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയം വരെ സംവരണ അട്ടിമറിക്കതിരെയുള്ള സമരം തുടരുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് പാർലമെൻറ് പാർട്ടി ഡെപ്യൂട്ടി ലീഡർ എം കെ മുനീർ എംഎൽഎ പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് റസാക്ക് മാസ്റ്റർ അധ്യക്ഷൻ വഹിച്ചു ജനറൽ സെക്രട്ടറി ഇസ്മയിൽ സ്വാഗതവും ട്രഷറർ സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.