കെ-റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി കൈപ്പറ്റി'; ഗുരുതര ആരോപണവുമായി പി.വി. അൻവർ
പദ്ധതി നടപ്പായാൽ കേരളത്തിൻ്റെ ഐ.ടി. മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ എന്ന് പി.വി. അൻവർ

തിരുവനന്തപുരം: കെ-റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്യസംസ്ഥാന കോർപറേറ്റ് ഭീമന്മാരിൽനിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി.വി. അൻവർ എംഎൽഎ.
പദ്ധതി നടപ്പായാൽ കേരളത്തിൻ്റെ ഐ.ടി. മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ അന്യ സംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാർ കേരളത്തിലെ കോൺഗ്രസിനെ കൂടെ നിർത്തി പ്രവർത്തിച്ചതിൻ്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളെന്ന് പി.വി. അൻവർ നിയമസഭയിൽ ആരോപിച്ചു.
അഞ്ചു വർഷം കൊണ്ട് 25 വർഷത്തെ പുരോഗതി കൈവരിക്കാൻ ഉതകുമായിരുന്ന കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാനത്തെ കോർപറേറ്റ് ഭീമന്മാരെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവത ജോലികൾക്കായി പിന്നീടവരെ ആശ്രയിക്കില്ല എന്ന തിരിച്ചറിവുകൊണ്ടാണെന്നും അൻവർ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് എന്തുസംഭവിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന സമീപനം സ്വീകരിച്ചത് പണം കൈപ്പറ്റിയതിനാലാണെന്നും അൻവർ ആരോപിച്ചു.