തിരുവനന്തപുരത്ത് നടി ശോഭന ബിജെപി സ്ഥാനാര്‍ത്ഥി പരിഗണനയിൽ ?
കേരളത്തിൽ 10 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ ആലോചന. തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി നടി ശോഭനയെ ഇറക്കുമെന്ന പ്രചാരണം ശക്തം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേയാണ് നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾചര്‍ച്ചയിലേക്ക് വരുന്നത്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്നാണ് വിവരം.
27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയെങ്കിലും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ വന്നിട്ടുണ്ട്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട്പൊതുസമ്മതനെ കളത്തിലിറക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്.

