ചേമഞ്ചേരിയിൽ ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻകോയ ധർണ്ണ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കുന്ന സർക്കുലർ പിൻവലിക്കണമെന്നും സർക്കാറിൻ്റെ അനാസ്ഥ മൂലം ചെലവഴിക്കാൻ സാധിക്കാതെപോയ മുഴുവൻ തുകയും അടുത്ത വർഷം അധിക തുകയായി അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശ സ്ഥാപന തലങ്ങളിൽ ജനപ്രതിനിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
യു.ഡി.എഫ്. ജനപ്രതിനിധികളുടെ സംഘടനകളായ എൽ.ജി.എം.എൽ., ആർ.ജി.പി.ആർ.എസ്. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വിജയൻ കണ്ണഞ്ചേരി അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ ഹാരിസ്, വത്സല പുല്യത്ത്, രാജലക്ഷ്മി, എം.കെ. മമ്മത്കോയ, കോൺഗ്രസ്സ് നേതാവ് രാമദാസ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി. മുഹമ്മദ് ഷരീഫ് സ്വാഗതവും അബ്ദുള്ളക്കോയ വലിയാണ്ടി നന്ദിയും പറഞ്ഞു.