ഷാഫിയെ മറികടന്ന് വടകരയില്‍ ശൈലജ ജയിക്കും; ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍
വടകര മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകും
എറണാകുളം: ലോക്സഭ തെരെഞ്ഞെടുപ്പില്‍ വടകരയില്‍ കരുത്തനായ ഷാഫി പറമ്പിലിനെ മറി കടന്ന് കെ.കെ. ശൈലജ ടീച്ചറും ആലപ്പുഴയില്‍ സിറ്റിങ്ങ് എം.പി. എ.എം. ആരിഫിനെ തോല്പിച്ച് കെ.സി വേണുഗോപാലും ജയിക്കുമെന്ന് ട്വന്റി പോര്‍ സര്‍വ്വേ ഫലം. ടി പി ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ഒന്നര പതിറ്റാണ്ട് ശേഷം വടകര മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ് വടകരയുടെ മനസിലെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ സര്‍വെയില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്ത ആലപ്പുഴ മണ്ഡലത്തിലെ 41.2 ശതമാനം പേര്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് പറയുമ്പോള്‍ ആലപ്പുഴയുടെ സിറ്റിംഗ് എം പികൂടിയായ എ എം ആരിഫ് ജയിക്കുമെന്ന് 39.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 18 ശതമാനം പേരാണ്.
നല്ല ജനസമ്മിതിയുള്ള രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നുവെന്ന പ്രത്യേകതയുള്ള മണ്ഡലമാണ് വടകര. എല്‍ഡിഎഫും യുഡിഎഫും വടകരയില്‍ നിര്‍ത്തിയത് ഒപ്പത്തിനൊപ്പം കരുത്തരായ രണ്ട് സ്ഥാനാര്‍ത്ഥികളെ. കെ കെ ശൈലജയും ഷാഫി പറമ്പിലും. സംസ്ഥാന, ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ കൂടാതെ വടകരയില്‍ മാത്രം പ്രതിഫലിക്കുന്നത് പാനൂര്‍ ബോംബ് സ്‌ഫോടനം മുതല്‍ ടി പി ചന്ദ്രശേഖരന്‍ വധം വരെയാണ്. വലിയ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന മണ്ഡലമായ വടകരയില്‍ ആരുജയിക്കുമെന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിന് സര്‍വെയില്‍ വിധിയെഴുതിയിരിക്കുകയാണ് വടകരക്കാര്‍. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും ഒടുവില്‍ വടകരയില്‍ വിജയം കെ കെ ശൈലജയ്ക്ക് ഒപ്പം തന്നെയായിരിക്കുമെന്നാണ് സര്‍വെയില്‍ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്.ആര്‍എംപിയ്ക്ക് നിര്‍ണായകമായ വോട്ടുകളുള്ള ഈ മണ്ഡലത്തില്‍ സിപിഐഎം അട്ടിമറി വിജയം നേടുമെന്നാണ് സര്‍വെയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം സൂചന നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാനായേക്കും.
കരുത്തരായ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ ആലപ്പുഴയില്‍ മാത്രം പ്രതിഫലിക്കുന്ന ശക്തമായ വിഷയങ്ങളില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം, കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം, അഴിമതി വിവാദങ്ങള്‍, പൗരത്വ ഭേദഗതി വിഷയങ്ങള്‍ എന്നിവയെല്ലാം തന്നെ പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൂടുതല്‍ പേരും കേരളത്തിലെ ജനകീയ നേതാവായി കാണുന്നത് പിണറായി വിജയനെയാണ്. 51.4 ശതമാനം പേര്‍ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോള്‍ വി ഡി സതീശന്റെ പേര് 18.4 ശതമാനം പേരും രമേശ് ചെന്നിത്തലയുടെ പേര് 24.8 ശതമാനം പേരും തെരഞ്ഞെടുത്തു.

