കാനത്തിൽ ജമീല എം.എൽ.എയുടെ ഓഫീസ് പ്രവർത്തനങ്ങളെ കുറിച്ച് പോലീസ് കേസെടുത്തു അന്വേഷിക്കണം; വി.പി. ദുൽഖിഫിൽ
പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എസ്.എഫ്. ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും മുന്നറിയിപ്പ്

കൊയിലാണ്ടി: എം.എൽ.എ. കാനത്തിൽ ജമീലയുടെ ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് കേസെടുത്തു അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചയത്തംഗം വി.പി. ദുൽഖിഫിൽ. മുചുകുന്ന് കോളേജിലെ യു.ഡി.എസ്.എഫിന്റെ തകർപ്പൻ വിജയത്തിൽ വിറളി പൂണ്ട ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവർത്തകർ, യു.ഡി.എസ്.എഫ്. പ്രവർത്തകർക്ക് കോളേജിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും, അതിനു പോലീസ് ഒത്താശ നൽകുകയും ചെയ്ത സാഹചര്യത്തിലാണ്, ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ജനപ്രതികൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസിന്റെയും, യൂത്ത് ലീഗിന്റെയും, കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും നേതാക്കൾ കോളേജിലേക്ക് വിവരങ്ങൾ അറിയാൻ എത്തിയത്. എന്നാൽ, അവിടെ പോലീസിന്റെ സാന്നിധ്യത്തിൽ കാനത്തിൽ ജമീല എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പി.എ. വൈശാഖിന്റെ നേതൃത്വത്തിൽ സി.പി.എം., ഡി.വൈ.എഫ്.ഐ. ഗുണ്ടകൾ ഏകപക്ഷീയമായ അക്രമം അഴിച്ചു വിടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അരിയിൽ ഷുക്കൂറിനെതിരായി അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യത്തിന് നേതൃത്വം കൊടുത്തതും ഈ സംഘമാണ്. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇതേ സംഘത്തിന്റെ നേതൃത്വത്തിലുള്ള സി.പി.എം. പ്രവർത്തകരാണ് അവിടെ പഠിക്കുന്ന വിദ്യാർത്ഥിക്ക് നേരെയും അക്രമം അഴിച്ചുവിട്ടത്. ഈ ക്രിമിനലുകളെ സംരക്ഷിക്കുന്നത് എം.എൽ.എയുടെ ഓഫീസും എം.എൽ.എയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എൽ.എയുടെ ഓഫീസ് ആയുധങ്ങൾ ശേഖരിക്കുവാനും അക്രമം അഴിച്ചുവിടാൻ ഉള്ള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇതിനെതിരായ ശക്തമായ നടപടി സ്വീകരിക്കണമെന്നും, പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എസ്.എഫ്. നേതൃത്വം കൊടുക്കുമെന്നും, ജില്ലാ പഞ്ചായത്ത് മെമ്പറും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വിപി ദുൽഖിഫിൽ പ്രസ്താവനയിൽ അറിയിച്ചു.