നടുവണ്ണൂരിൽ കോൺഗ്രസ് നേതാവായിരുന്ന സുധാകരൻ നമ്പീശനെ അനുസ്മരിച്ചു
മുൻ എം.പി. കെ മുരളീധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ചെങ്കൊടി പിടിച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ചെമ്പട്ട് പുതപ്പിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചെന്ന് മുൻ എംപിയും കെപിസിസി മുൻ പ്രസിഡന്റുമായ കെ. മുരളീധരൻ പറഞ്ഞു. കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെയും, ടിപി ചന്ദ്രശേഖരന്റെയും ദാരുണമായ മരണത്തിന് ഇടയാക്കിയത് സിപിഎമ്മിന്റെ ഈ സംസ്കാരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നടുവണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന പി സുധാകര നമ്പീശന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കാവുന്തറ പള്ളിയത്ത് കുനിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുള്ള പ്രഥമ സുധാകരൻ നമ്പീശൻ പുരസ്കാരം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്തിന് അദ്ദേഹം നൽകി. കാവിൽ പി മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സംസാരിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ, അയമു പുത്തൂർ, ഫായിസ് നടുവണ്ണൂർ, എം സത്യനാഥൻ, ഇ മജീദ് കാവിൽ , കെ പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

